ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരസംഘടനകളായ ജയ്ഷ് ഇ മുഹമ്മദിന്റെയും അൻസാർ ഗസ്വതുൾ ഹിന്ദിന്റെയും പോസ്റ്ററുകളുമായി രണ്ട് പ്രവർത്തകരെ പിടികൂടിയതോടെ വൻ അന്തർസംസ്ഥാന-അന്താരാഷ്ട്ര ഭീകരശൃംഖല തകർക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.
ആയുധങ്ങളോടൊപ്പം 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ ശ്രീനഗർ പോലീസ് അറസ്റ്റ് ചെയ്തത് ഈ മാസം രണ്ടിനാണ്. ലോക്കൽ പോലീസിന്റെ അതിവേഗത്തിലുള്ള അന്വേഷണത്തോടെ മൂന്ന് ദിവസത്തിനുള്ളിൽ ഇവരുടെ പദ്ധതികൾ വെളിച്ചത്താകുകയായിരുന്നു.
നൗഗാം മേഖലയിലെ മസ്ജിദിൽ പ്രാർഥനാക്കൂട്ടായ്മയുടെ നേതാവായി പ്രവർത്തിച്ചിരുന്ന മൗലവി ഇർഫൻ അഹമ്മദ് നേതൃത്വം നൽകുന്ന വലിയൊരു ശൃംഖലയുടെ ഭാഗമാണിവരെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഷോപ്പിയാൻ സ്വദേശിയാണ് മൗലവി.
നിരവധി യുവഡോക്ടർമാർ ശൃംഖലയുടെ ഭാഗമാണെന്ന് മൗലവി വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് ഉത്തർപ്രദേശിലെ സഹാരൻപുരിൽ എത്തിയ പോലീസ് സംഘം ഡോ. അദീൽ അഹമ്മദ് റാത്തെറിനെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും പിടികൂടി. ഇയാളെ ചോദ്യംചെയ്തതോടെ ഒരു സ്വകാര്യ ആശുപത്രിയിലെ ലോക്കറിൽ സൂക്ഷിച്ച എകെ 47 തോക്ക് പോലീസിന് കണ്ടെടുക്കാനായി.
ഫരീദാബാദിലും മറ്റ് സ്ഥലങ്ങളിലും സൂക്ഷിച്ചിരിക്കുന്ന വൻസ്ഫോടക ശേഖരത്തെക്കുറിച്ചും ഇയാൾ പിന്നീട് വെളിപ്പെടുത്തി. ഇത് ഡോ. മുസമ്മിൽ അഹമ്മദിന്റെ അറസ്റ്റിലേക്കും നയിച്ചു.
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യ പ്രതി ഉമർ നബി ജോലി ചെയ്തിരുന്ന ആശുപത്രിയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. പിടിയിലായവരുമായി ബന്ധമുള്ള മറ്റുള്ളവരെയും പോലീസ് ചോദ്യം ചെയ്തിവരികയാണ്.